ഒമ്പത് മാസത്തിനുശേഷം സുനിതാ വില്യംസ് ഭൂമിയിലേക്കിറങ്ങാൻ  മണിക്കൂറുകള്‍ മാത്രം

ഒമ്പത് മാസത്തിനുശേഷം സുനിതാ വില്യംസ് ഭൂമിയിലേക്കിറങ്ങാൻ മണിക്കൂറുകള്‍ മാത്രം

ഫ്‌ലോറിഡ: യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം മടക്കയാത്ര വൈകി ഒന്‍പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ബുധനാഴ്ച ഭൂമിയില്‍ തിരിച്ചെത്തും.

ഇവരെയും വഹിച്ചുള്ള സ്‌പെയ്സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.30ന് ഐഎസ്എസില്‍ (ബഹിരാകാശ നിലയം ) നിന്ന് പുറപ്പെടും. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഫ്‌ലോറിഡയില്‍ കടലില്‍ ഇറങ്ങും.

സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. നാസാ ടിവി, നാസയുടെ ഔദ്യോഗിക വെബ്സൈറ്റ്, നാസയുടെ യുട്യൂബ് ചാനല്‍ എന്നിവയില്‍ തിരിച്ചിറക്കം തത്സമയം കാണാം.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.

ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.

Leave a Reply..

Back To Top
error: Content is protected !!