സുനിത വില്യംസിന്റെ  മടക്കം ബുധനാഴ്ച; ക്രൂ10 വിജയകരമായി വിക്ഷേപിച്ചു

സുനിത വില്യംസിന്റെ മടക്കം ബുധനാഴ്ച; ക്രൂ10 വിജയകരമായി വിക്ഷേപിച്ചു

ഫ്‌ളോറിഡ: സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിജയിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്‌ക്ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തും. കഴിഞ്ഞ ഒമ്പതുമാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച് വില്‍മര്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.

നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാര്‍ച്ച് 26-ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും സ്‌പേസ്എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്റേയും നിര്‍ദേശത്തെത്തുടര്‍ന്ന് ദൗത്യം നേരത്തേയാക്കി. മാര്‍ച്ച് 13-ന് രണ്ടുതവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും അവസാനനിമിഷത്തെ സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വില്‍മറും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി. തുടര്‍ന്ന് സ്പേസ്എക്സിന്റെ ക്രൂ10-ല്‍ ഇരുവരേയും തിരിച്ചെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply..

Back To Top
error: Content is protected !!