ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ധനുഷിന്‍റെ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു. എന്നാൽ ഒരു കോടി രൂപ നഷ്ട പരിഹാരവും ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നുമുള്ള പ്രധാന കേസ് തുടരും. കേസുമായി മുന്നോട്ട് പോകാൻ ധനുഷ് സമ്മതിച്ചതിനെ തുടർന്ന് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. ഏപ്രിൽ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും.
ധനുഷിന് നയൻതാര തുറന്ന കത്ത് അയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം പരസ്യമായത്. താൻ നിർമാതാവായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചതിന് നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കുമെതിരെ ധനുഷ് കേസ് കൊടുത്തിരുന്നു. അതിനുശേഷം ഇതേചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തന്‍റെ അനുവാദം വാങ്ങാതെയാണ് നയൻതാര ‘ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്‍ററിയിൽ ക്ലിപ്പ് ഉപയോഗിച്ചതെന്നായിരുന്നു ധനുഷിന്റെ അവകാശവാദം.