കൊയിലാണ്ടി: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ടു ദിവസം മുൻപാണ് സജിൽ വിദേശത്തുനിന്നു നാട്ടിലെത്തിയത്.
പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപം തടഞ്ഞു നിർത്തിയ സജിൽ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതിനു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നും മർദിച്ചെന്നുമാണ് പെൺകുട്ടി കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്.