Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?

എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദാണ് വധുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. വിവാഹത്തീയതിയും വ്യക്തമല്ല,

മാര്‍ച്ച് നാലിന് ബെംഗളൂരുവില്‍ വെച്ചാണ് വിവാഹം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തേജസ്വി സൂര്യ പലര്‍ക്കും സുപരിചതിനാണ്. പലപ്പോഴും അദ്ദേഹം വാര്‍ത്തകളില്‍ വരാറുമുണ്ട്. കര്‍ണാട്ടിക് സംഗീതത്തില്‍ പ്രാവീണ്യമുള്ളയാളാണ് ശിവശ്രീ. രു ഭരതനാട്യം കലാകാരി കൂടിയാണ് ഇവര്‍. ശിവശ്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.

ശിവശ്രീ സ്‌കന്ദപ്രസാദ്

ചെന്നൈ സ്വദേശിനിയാണ് ശിവശ്രീ. ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ചെന്നൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎയും സ്വന്തമാക്കി. മദ്രാസ് സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തിലും എംഎ ബിരുദം കരസ്ഥമാക്കി. രാജ്യത്തുടനീളമുള്ള വിവിധ സംഗീത പരിപാടികളുടെ ഭാഗമായിട്ടുണ്ട്.

2014ല്‍ ശിവശ്രീ ആലപിച്ച് റെക്കോഡ് ചെയ്ത ഒരു ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധിച്ചിരുന്നു. ശിവശ്രീയുടെ ആലാപനത്തെ അന്ന് മോദി പ്രശംസിച്ചു. അതുവഴി ശിവശ്രീ കൂടുതല്‍ പ്രശസ്തയായി. കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’യാണ് ശിവശ്രീ ആലപിച്ചത്. തുടര്‍ന്ന് ഇത് ഇവര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയായിരുന്നു.

ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ശിവശ്രീ സ്കന്ദപ്രസാദിൻ്റെ കന്നഡയിലെ ഈ ആലാപനം ഭഗവാന്‍ ശ്രീരാമനോടുള്ള ഭക്തിയെ മനോഹരമായി ഉയര്‍ത്തിക്കാട്ടുന്നുവെന്നായിരുന്നു മോദിയുടെ പ്രശംസ. ഇത്തരം ശ്രമങ്ങള്‍ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കുന്നുവെന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മണിരത്‌നത്തിൻ്റെ പൊന്നിയിൻ സെൽവൻ: ഭാഗം 1 എന്ന ചിത്രത്തിലെ ഹെൽഹേ നീനു (കന്നഡ പതിപ്പ്) എന്ന ഗാനം ആലപിച്ചത് ശിവശ്രീയാണ്.

തേജസ്വി സൂര്യ

ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ എംപിയാണ് തേജസ്വി സൂര്യ. യുവമോർച്ചയുടെ പ്രസിഡൻ്റ് കൂടിയാണ് ഇദ്ദേഹം. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ബാച്ചിലർ ഓഫ് അക്കാദമിക് ലോയും എൽഎൽബിയും നേടി. തേജസ്വി സൂര്യയും കര്‍ണാട്ടിക് സംഗീതത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എറൈസ് ഇന്ത്യ എന്ന എൻജിഒ ഇദ്ദേഹത്തിന്റേതാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയുമായി. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2017ല്‍ ബിജെപി നടത്തിയ ‘മംഗലാപുരം ചലോ’ റാലിയുടെ സംഘാടനത്തിലും ഭാഗമായി. 2018ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ടീമിന് നേതൃത്വം നല്‍കി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ തേജസ്വിയെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.

2024ൽ, അയൺമാൻ ചലഞ്ച് പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ജനപ്രതിനിധിയായി തേജസ്വി മാറി. വേൾഡ് ട്രയാത്ത്‌ലോൺ കോർപ്പറേഷൻ (ഡബ്ല്യുടിസി) സംഘടിപ്പിക്കുന്ന ദീർഘദൂര ട്രയാത്ത്‌ലൺ റേസുകളിൽ ഒന്നാണ്‌ അയൺമാൻ ട്രയാത്ത്‌ലൺ.

Back To Top
error: Content is protected !!