കൊട്ടാരക്കര: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രാജൻ സ്ഥിരമായി മദ്യപിച്ചെത്തി ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഭാര്യ മായ ചോദ്യം ചെയ്തതാണ് രാജനെ പ്രകോപിപ്പിച്ചത്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന മണിയൻപിള്ള രജിസ്റ്റർ ചെയ്ത കേസ് സി.ഐ ന്യൂമാൻ അന്വേഷണം നടത്തുകയും സി.ഐ ശിവപ്രകാശ് അന്വേഷണം പൂർത്തിയാക്കി ചാർജ്ഷീറ്റ് ഹാജരാക്കുകയും ചെയ്തു. പ്രധാന സാക്ഷികളായ ബന്ധുക്കൾ കൂറുമാറിയിട്ടും പരിസരവാസിയും ദൃക്സാക്ഷിയായ മൂന്നാം സാക്ഷിയുടെ മൊഴിയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും ഡോക്ടർമാരോട് മായ പറഞ്ഞ മൊഴികളും കേസിൽ നിർണായകമായി.