കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് നടപടി.

ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന്‍ 2013 ഡിസംബറിൽ കരുവന്നൂര്‍ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീടത് അടച്ചു തീര്‍ത്ത് കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. അതിനിടെ 2018 ജൂണ്‍ 24 ന് ഗൗതമന്‍ മരിച്ചു.

പിന്നീട് ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ജയ്ഷ കോടതിയെ സമീപിച്ചത്.

Back To Top
error: Content is protected !!