ഏറെ ആരാധകരുള്ള പ്രിയ താരമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം, കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പുതിയ വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു.
വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. ഫ്ളാറ്റിന്റെ പാലുകാച്ചൽ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച് എത്തിയിരുന്നു. പേളിഷ് എന്നാണ് പുതിയ ഫ്ളാറ്റിന് പേളിയും ശ്രീനിഷും നൽകിയ പേര് . ബിഗ് ബോസിൽ പേളിയും ശ്രീനിഷും മത്സരാർത്ഥികളായ കാലത്ത് ആരാധകർ ഇരുവർക്കും നൽകിയ വിശേഷണമാണ് പേളിഷ് എന്നത്. ആ പേരു തന്നെയാണ് ഇരുവരും ഫ്ളാറ്റിനും നൽകിയിരിക്കുന്നത്.
വീഡിയോയിൽ ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട് എന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു പക്ഷെ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെ എന്താകും ആ സന്തോഷ വാർത്ത എന്നറിയാനായി ആരാധകർക്ക് ആകാംഷ. അതിനിടെയിലാണ് നടൻ അരിസ്റ്റോ സുരേഷ് പേളിയെ കുറിച്ച് പറഞ്ഞ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലായത്. പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നു ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്. തന്റെ പുതിയ സിനിമയായ മിസ്റ്റർ ബംഗാളിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ കൗമുദി മൂവീസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ പേളി മൂന്നാമതും ഗർഭിണിയാണെന്ന വാർത്ത പരന്നു.
എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പേളി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ‘‘ഞാൻ ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്’’- എന്നായിരുന്നു പേളി കുറിച്ചത്. ഇതോടെ പേളി മാണി മൂന്നാമതും ഗർഭിണിയാണ് എന്നുള്ള വാർത്തകൾക്ക് വിരാമം ആയിരിക്കുകയാണ്. മൂന്നാമതും ഗർഭിണിയാണെന്ന വാർത്ത വലിയ തോതിൽ എത്തിയതോടെയാണ് ഈ കാര്യത്തെക്കുറിച്ച് പറയുവാൻ പേളി തന്നെ രംഗത്ത് എത്തിയത്.
അരിസ്റ്റോ സുരേഷിന്റെ വാക്കുകൾ
പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു . ആരോ പറഞ്ഞ് കേട്ടതാണെന്നും അതൊന്നും ഇനി വിവാദമാക്കെണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള ഒരു ആൺകുട്ടിയായിരുന്നു. ഷോയിൽ വെച്ച് സൈക്കിൾ ചവിട്ടുന്നൊരു ടാസ്ക് ഉണ്ടായിരുന്നു. ഞാനും സാബുവുമൊക്കെ 60 ലൊക്കെ പോകുമ്പോൾ പേളി ചവിട്ടിയത് 80ലൊക്കെയാണ്. അതുപോലെ അർച്ചനയുമായി തലയണകൊണ്ട് അടിപിടിക്കുന്നൊരു ടാസ്കിൽ ഞങ്ങളൊക്കെ കരുതിയത് പേളി വേഗം പരാജയപ്പെടുമെന്നാണ്. കാരണം അർച്ചന അഭ്യാസിയാണ്. പേളിയെക്കാളും വലിയൊരാളും. പക്ഷെ വളരെ പെട്ടെന്ന് തന്നെ പേളി അർച്ചനെയെ പരാജയപ്പെടുത്തി. അരിസ്റ്റോ സുരേഷ് പറഞ്ഞു.