ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹം കടയില്‍ വില്‍കേണ്ട സാധനം അല്ല, സ്‌നേഹം പ്രചരണമാക്കേണ്ട ഒന്നല്ല. സ്‌നേഹം ഹൃദയത്തില്‍ ഒഴുകേണ്ട ഒന്നാണെന്നും മറ്റൊരാള്‍ക്ക് അനുഭവപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം സത്യമാക്കാനുള്ള ഏകമാര്‍ഗം നമ്മുടെ ഭരണഘടനയാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ അമിത് ഷാ ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേദഗതി കൊണ്ടുവന്നതെന്നും പറഞ്ഞു.
രാഹുല്‍ ഗാന്ധി ‘ചീപ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യില്‍ വെച്ച് കോണ്‍ഗ്രസ് കള്ളം പറയുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരുടെ പാര്‍ട്ടികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇപ്പോള്‍ ആരോടൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ചോദിച്ച് അദ്ദേഹം ഇടതുപക്ഷത്തെ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാട്ടുകള്‍ പോലും കോണ്‍ഗ്രസ് നിരോധിച്ചു. ഇവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.