മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടർബോൾട്ട് കമാൻഡോ ഉദ്യോഗസ്ഥൻ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്.
ചിലർ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെയും പേരുകൾ കുറിപ്പിലുണ്ട്.
തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. അരീക്കോട് സായുധ പോലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു വെടിയേറ്റ നിലയിലായിരുന്നു. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.