മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിന് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ

മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിന് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ

കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്‌ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്‌ ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘‘1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണ്. വർഗീയ ഭിന്നപ്പിന് സർക്കാർ ശ്രമിച്ചാൽ അതിന്റെ ഗുണഭോക്‌താക്കൾ സർക്കാർ ആയിരിക്കുകയില്ല. മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയാം. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും” ’– സതീശൻ പറഞ്ഞു.

“വിട്ടുവീഴ്‌ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസും മുന്നോട്ടു പോകും. വിഭാഗീയതയുടെ രാഷ്‌ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്‌ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി മതേതര നിലപാടിൽ വെള്ളം ചേർക്കുകയില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ ചേരിക്കൊപ്പം കോൺഗ്രസ് നിൽക്കില്ല. കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയതയോട് സന്ധി ചെയ്‌താൽ അത് നാടിന്റെ മതേതര ചുറ്റുപാടിന് തന്നെ ഭീഷണിയാകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോൽസാഹിപ്പിക്കുകയില്ല – സതീശൻ വ്യക്‌തമാക്കി.

Back To Top
error: Content is protected !!