രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്‌; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി

രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്‌; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി

തൊടുപുഴ: മൂന്നുദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ രക്ഷിച്ചതുമാണ് ആദ്യ സംഭവം. മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിലായിരുന്നു നായ വീണത്.

ചുറ്റുമതിൽ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറിന് 18 അടി താഴ്‌ചയും വെള്ളം ഇല്ലാത്തതുമായിരുന്നു. ഫയർ ഓഫീസറായ ഷിബിൻ ഗോപി റെസ്‌ക്യൂ നെറ്റിൽ കിണറിൽ ഇറങ്ങി നായയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്‌റ്റൻഡ്‌ സ്‌റ്റേഷൻ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ്‌ സംഘത്തിലെ ജെയിംസ് പുന്നൻ, ഫ്രിജിൻ എഫ് എസ്, രാജീവ് ആർ നായർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രണ്ടാമത്തെ സംഭവം കോടിക്കുളം പഞ്ചായത്ത് നെയ്യശേരിയിൽ താമസിക്കുന്ന അരഞ്ഞാണിയിൽ സണ്ണി ജോസഫിന്റെ പശു തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ അകപ്പെട്ടതായിരുന്നു. ചാണകം കോരി മാറ്റിയതിനുശേഷം സമീപത്തെ മണ്ണ് അൽപം ഇടിച്ച് പശുവിനെ റെസ്‌ക്യൂ ബെൽറ്റ് ഉപയോഗിച്ച് വലിച്ചു കരയ്‌ക്ക് എത്തിക്കുകയായിരുന്നു. പശുവിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ഗ്രേഡ് അസിസ്‌റ്റൻഡ്‌ സ്‌റ്റേഷൻ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിലാണ് ഇവിടെയും രക്ഷാപ്രവർത്തനം നടന്നത്.

ടീമിൽ അനൂപ് പി എൻ, ബിനോദ് എം കെ, ഷിബിൻ ഗോപി, അഖിൽ എസ്, ഫ്രിജിൻ എഫ് എസ് എന്നിവരാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ സംഭവം, കരിങ്കുന്നം പഞ്ചായത്തിലെ പൊന്നന്താനം എന്നസ്‌ഥലത്ത് വടക്കഞ്ചേരിയിൽ മത്തായി എന്നയാളുടെ കിണറ്റിൽ സമീപവാസിയായ പാമ്പനാൽ രതീഷ് രവിയുടെ ഗർഭിണിപ്പശു അകപ്പെടുകയായിരുന്നു. 25 അടി താഴ്‌ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളവും ഉണ്ടായിരുന്നു.

ഫോഴ്‌സിലെ സേനാംഗങ്ങളായ ഷിബിൻ ഗോപി, ബിനോദ് എം കെ എന്നിവർ കിണറ്റിലിറങ്ങിയാണ് ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി ബന്ധിക്കുകയും ശേഷം മറ്റ് സേനാംഗങ്ങളുടെയും, നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ വലിച്ച് കരയ്‌ക്ക് എത്തിക്കുകയും ആയിരുന്നു. പശുവിന് ചെറിയ പരിക്കുകളുണ്ട്. കിണറിന്റെ വശത്ത് നിറയെ ചെളി ഉണ്ടായിരുന്നതിനാലും, പശുവിന്റെ വലിപ്പക്കൂടുതലും കാരണം ഏകദേശം ഒന്നേകാൽ മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ജാഫർഖാന്റെ നേതൃത്വത്തിൽ, നാട്ടുകാരോടൊപ്പം ഫ്രിജിൻ എഫ് എസ്,അനൂപ് പി എൻ, മാത്യു ജോസഫ്, രാജീവ് ആർ നായർ എന്നിവർ ഉൾപ്പെടുന്ന ഫയർഫോഴ്‌സ്‌ സംഘമാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്.

Back To Top
error: Content is protected !!