ഒട്ടാവ: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം തടഞ്ഞെന്ന ഇന്ത്യയുടെയും ഓസ്‌ട്രേലിയ ടുഡെയുടെയും ആരോപണം തള്ളി കാനഡ. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നാണ് കാനഡയുടെ വിശദീകരണം. ജയ്ശങ്കറിന്റെ പ്രസംഗവും അഭിമുഖവും കാനഡയില്‍ സംപ്രേഷണം ചെയ്തു. ഉള്ളടക്കം ചര്‍ച്ചയായെന്നും കാനഡ വ്യക്തമാക്കി.
എന്നാല്‍, അര്‍ഷ് ദല്ലയുടെ കസ്റ്റഡിയില്‍ ഇനിയും കാനഡ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഖലിസ്ഥാന്‍ തീവ്രവാദി എവിടെയെന്ന് വ്യക്തമാക്കാനും കാനഡ തയാറായിട്ടില്ല. ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയെ കീഴ്‌പ്പെടുത്തിയ വിവരം ഇന്ത്യക്ക് കാനഡ കൈമാറിയിട്ടില്ല. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28നാണ് കീഴ്‌പ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.