മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിലെ പരാതി; ഹൈക്കോടതി അടുത്തമാസം വാദംകേള്‍ക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിലെ പരാതി; ഹൈക്കോടതി അടുത്തമാസം വാദംകേള്‍ക്കും

എന്‍സിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സ്വര്‍ണവായ്പയും വാഹനവായ്പയും അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചട്ടവിരുദ്ധമായി മന്ത്രിസഭ അനുവദിച്ചതാണ് പരാതിക്കാധാരം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്. ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24-ന് വാദംകേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍കൂടിയാണ് ശശികുമാര്‍.

മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി വാദംകേള്‍ക്കാന്‍ ജസ്റ്റിസ് എ.മുഹമ്മദ്മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു.

മുഖ്യമന്ത്രിക്ക്, കോടതി നിര്‍ദേശിച്ചപ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ പ്രത്യേക കത്തെഴുതിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, മന്ത്രിമാരായിരുന്ന മാത്യു ടി.തോമസ്, കെ. രാജു, ടി.പി. രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു.

എന്നാല്‍ കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ നാലു പേരും നോട്ടീസ് കൈപ്പറ്റിയതായി കണക്കാക്കി ഹര്‍ജിയില്‍ വാദം കേള്‍ക്കുവാന്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോകയുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ മൂന്നംഗബെഞ്ച്, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് വീണ്ടും പരാതിയുടെ സാധുത പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ചിന് വിട്ട നടപടി ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഉപലോകായുക്തമാരായ രണ്ടുപേര്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പരേതനായ എംഎല്‍എയുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തതും ഓര്‍മക്കുറിപ്പുകള്‍ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നും ഈ സാഹചര്യത്തില്‍ പരാതിക്ക് സാധുതയില്ലെന്ന ലോകായുക്തയുടെ വിധി റദ്ദാക്കി പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.

എന്‍സിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സ്വര്‍ണവായ്പയും വാഹനവായ്പയും അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചട്ടവിരുദ്ധമായി മന്ത്രിസഭ അനുവദിച്ചതാണ് പരാതിക്കാധാരം. ഹര്‍ജ്ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം കോടതിയില്‍ ഹാജരായി.

Back To Top
error: Content is protected !!