ന്യൂഡൽഹി: 2024 പാരീസ് ഒളിമ്പിക്‌സിൽ 100 ഗ്രാം അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഫൈനൽ മത്സരവും അതുവഴി ഉറപ്പായ വെള്ളി മെഡലും നഷ്ടമായത്. അതേസമയം തലേരാത്രി മുഴുവൻ കിണഞ്ഞു ശ്രമിച്ചിട്ടും 50 കിലോഗ്രാം ശരീരഭാരത്തിലേയ്ക്ക് എത്താൻ വിനേഷിന് കഴിഞ്ഞില്ല. മത്സരത്തിൽ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം മാത്രം അധികമുണ്ടായതിന്റെ പേരിൽ ഫൈനൽ യോഗ്യത നഷ്ടമാവുകയായിരുന്നു.
അതേസമയം ഭാരം കുറയ്ക്കുക എന്നത് ചില്ലറ പണിയല്ലെന്നാണ് പാരീസിലെ വെങ്കല മെഡൽ ജേതാവ് അമൻ ഷെറാവത്തിന്റെ അനുഭവങ്ങളിൽനിന്ന് മനസ്സിലാകുന്നത്. തനിക്ക് ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ലഭിക്കാതെ, ഉറങ്ങാൻവരെ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്ന് അമൻ പറഞ്ഞു. ഈ മെഡൽ മത്സരത്തിന്റെ തലേന്ന് മൂന്നരക്കിലോ കുറയ്‌ക്കേണ്ടതുണ്ടായിരുന്നെന്നും ഒരു മിനിറ്റ് പോലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
2024 പാരീസ് ഒളിമ്പിക്‌സിന്റെ 15-20 ദിവസങ്ങൾക്ക് മുൻപുതന്നെ ഭാരം കുറയ്ക്കൽ നടപടികൾ തുടങ്ങിയിരുന്നു. പക്ഷേ, മത്സരത്തിനിടെ ഭാരം ശരിക്കും ഒരു പ്രശ്‌നമായി. എന്റെ ഭാരം മൂന്നരക്കിലോയായി വർധിച്ചു. രാത്രി മുഴുവൻ അത് കുറയ്ക്കാനായി ഉണർന്നിരിക്കേണ്ടതുണ്ടായിരുന്നു. അവസാനം ഒരു തുള്ളി വെള്ളത്തിനായി വരെ ആഗ്രഹിച്ച് നമ്മൾ നിരാശരാകും. മത്സരത്തിന്റെ തലേന്ന് രാത്രി മാത്രമല്ല, അതുകൂടാതെ രണ്ടുദിവസം മുൻപുതന്നെ ഉറങ്ങാൻ പ്രയാസമാകും. അന്നുമുതൽ തൊണ്ട നനയ്ക്കാതെ നിലനിർത്തണം. ഒന്നും കഴിക്കാതിരുന്നാൽ, നിങ്ങൾക്ക് എങ്ങനെയാണ് ഉറങ്ങാൻ കഴിയുക? അമൻ ചോദിക്കുന്നു.