കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക യോഗത്തിൽ സ്‌ഥാനമൊഴിയും. ഇനി സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നാണ് ഇടവേള ബാബുവിന്റെ തീരുമാനം.
അമ്മയുടെ ചുമതലയിലേക്ക് പുതിയ ആളുകൾ വരേണ്ടതുണ്ടെന്നും അതിനാലാണ് താൻ ഒഴിയുന്നതെന്നും ബാബു പറയുന്നു. പ്രസിഡണ്ടായ നടൻ മോഹൻലാലും ചുമതലയൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് പൊതുയോഗം. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.
വോട്ടവകാശമുള്ള 506 അംഗങ്ങളാണ് സംഘടനയിലുള്ളത്. ജൂൺ മൂന്ന് മുതൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. കഴിഞ്ഞ വർഷം തന്നെ സ്‌ഥാനമൊഴിയാൻ ഇടവേള ബാബു സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടൻ മമ്മൂട്ടിയുടെ സ്‌നേഹസമ്മർദ്ദത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. 1994ൽ അമ്മ നിലവിൽ വന്ന ശേഷമുള്ള മൂന്നാമത്തെ ഭരണസമിതിയിലാണ് ജോയിന്റ് സെക്രട്ടറിയായി ഇടവേള ബാബു ആദ്യമെത്തിയത്. പിന്നീട് ഇന്നോളം വിവിധ പദവികളിൽ തുടരുകയായിരുന്നു.
സംഘടനയുടെ സാമ്പത്തികസ്‌ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകും. ക്ഷേമപ്രവർത്തനങ്ങൾക്കും ഇൻഷുറൻസിനും പ്രവർത്തന ചിലവിനും ഉൾപ്പടെ മൂന്ന് കോടി രൂപയെങ്കിലും സംഘടന പ്രതിവർഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്‌ഥിതി മോശമായ 112 അംഗങ്ങൾക്കാണ് നിലവിൽ കൈനീട്ടം നൽകുന്നത്.