മാങ്കുളത്തിനടുത്ത് ആനക്കുളത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വലിയപാറക്കുട്ടി കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരിക്കേറ്റത് . ഞായറാഴ്ചരാവിലെ 7 മണിയോടു കൂടി ആനക്കുളത്തെ സെൻ്റ്. ജോസഫ് പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി കൊമ്പനാനയുടെ മുന്നിൽ പെടുകയായിരുന്നുവെന്ന് ജോണി പറഞ്ഞു. പാതയോരത്തു നിന്നിരുന്ന ആന ഓടിയടുത്ത് ബൈക്ക് കൊമ്പു കൊണ്ട് കുത്തിയെറിയുകയായിരുന്നു.
ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. ആനക്കുളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. മാങ്കുളം, ആനക്കളം, ഇളം ബ്ലാശ്ശേരി, മാമലക്കണ്ടം,അടക്കമുള്ള മേഖലകളിൽ വന്യമൃഗശല്യം സാധാരണമായിട്ടുണ്ട്. നിരവധി മനുഷ്യ ജീവനുകൾ നഷ്ടമാകുകയും, കൃഷി ദേഹണ്ഡങ്ങൾ നശിപ്പിയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ ഇടം തേടുമെങ്കിലും വനം വകുപ്പ് നിരുത്തരവാദപരമായ നിലപാടാണ് പ്രശ്നത്തിൽ സ്വീകരിയ്ക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വൈദ്യുതി വേലികൾ താറുമാറായി തകർന്നടിഞ്ഞു കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല.
English Summary: couple injured in Mankulam in elephant attack