കൊച്ചി: ആസ്റ്റർ വോളന്റിയേഴ്സ്, ബോളിവുഡ് നടൻ സോനു സൂദുമായി സഹകരിച്ച്, കരൾ രോഗബാധിതരായ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാൻസ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആസ്റ്റർ മെഡ്സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. മുഹമ്മദ് സഫാൻ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരൾ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാൻ അലിയെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകൾ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂർവ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിർണയത്തിലൂടെ കണ്ടെത്തി.
മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂർച്ച കൂട്ടി. ഇതോടെ കരൾ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതും.
സഫാൻ ആസ്റ്റർ മെഡ്സിറ്റിയിലെത്തുമ്പോൾ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളർച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റർ മെഡ്സിറ്റി ലീഡ് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുൾപ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചാൾസ് പനക്കൽ, പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയിൽ, കൺസൾട്ടന്റ് സർജൻ ഡോ. സുധീർ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രൻ എന്നിവരുൾപ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളിൽ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ ട്രാൻസ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ വിഭാഗമാണ്. മെഡ്സിറ്റിയിലെ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാൾ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കൾക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ തൽപരനായ താരത്തോടടൊപ്പം പദ്ധതിയിൽ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.
———————————————————————————–
പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712
Email ( mktg) : keralaonetv@gmail.com