കൊച്ചി: എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ലഹരി സംഘങ്ങളുടെ വെടിവയ്പു പരിശീലനത്തിനിടെ അഭിഭാഷകനു വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്മലിനു ചെന്നിക്കു സമീപം വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സ തേടി. ഇതോടെ സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ചിതറിയോടുകയും ബൈക്കില്‍ രക്ഷപെടുകയും ചെയ്തു.
അജ്മലിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കള്‍ തോക്കുപയോഗിച്ചു പരിശീലനം നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉപയോഗിച്ച പെല്ലറ്റുകള്‍ സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വെടിയേറ്റതിനു പിന്നാലെ യുവാക്കളുടെ പക്കല്‍ എയര്‍ഗണ്‍ കണ്ടതായി യുവാവ് പൊലീനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ലഹരി സംഘം തമ്പടിക്കുന്നത് പതിവായത് പൊലീസിനും പ്രദേശ വാസികള്‍ക്കും തലവേദനയായിട്ടുണ്ട്. യുവതികള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ പക്കല്‍ കത്തി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ മാസം ഇവിടെ ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വെടിവയ്പും വടിവാള്‍ വീശലും ഉള്‍പ്പടെ നടന്നതായി പറയുന്നു. പൊലീസ് പലപ്പോഴും എത്തി ഇവിടെ നിന്നു ലഹരി സംഘത്തെ ഓടിച്ചു വിടുന്നതും പതിവാണ്.