സ്വന്തം അനിയനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി പതിനാറുകാരൻ. ക്രൂര കൊലപാതകത്തിന് ശേഷം അനിയനെ കല്ല് കെട്ടി കിണറ്റിലും താഴ്ത്തി. ഗുജറാത്തിലാണ് സംഭവം. മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഖേദ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തിൽ എത്തിയതെന്നും പൊലീസ് പറയുന്നു.
മെയ് 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഊഴം അനുസരിച്ച് മൊബൈലിൽ ഓൺലൈൻ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങൾ. എന്നാൽ തന്റെ ഊഴമായിട്ടും 11 വയസ്സുള്ള ഇളയ സഹോദരൻ മൊബൈൽ തരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മൊബൈൽ ലഭിക്കാത്തതിന്റെ ദേഷ്യത്തിൽ 16കാരൻ അനിയന്റെ തലയിൽ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ 11കാരനെ കല്ലുകെട്ടി തൊട്ടടുത്തുള്ള കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസിൽ കയറി 16കാരൻ സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. വൈകിയ വേളയിലും കുട്ടികൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ മൂത്തമകൻ രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു.16കാരനെ ഗുജറാത്തിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഉടൻ തന്നെ കുടുംബം വിവരം അറിയിച്ചതായി പൊലീസ് പറയുന്നു.