മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെ റിമാൻഡ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയാണ് ശശികുമാറിനെ റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ സ്‌കൂൾ അധികൃതർക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് വയനാട്ടിൽ നിന്നും ശശികുമാർ പിടിയിലായത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളിൽ നിന്നും പോലീസ് വിശദമായി മൊഴിയെടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയത്. മലപ്പുറം താലൂക്കാശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ശശികുമാറിനെ കോടതിയിൽ എത്തിച്ചത്.
2012 ന് ശേഷം പല തവണ ശശികുമാറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്നാണു പൂർവ വിദ്യാർത്ഥിനി നൽകിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ശശികുമാർ മലപ്പുറം നഗരസഭ അംഗം കൂടിയായിരുന്നു. പരാതിയെ തുടർന്ന് സിപി എം പ്രതിനിധിയായ ഇയാൾ രാജിവെച്ചു. തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു.
അധ്യാപകനായിരിക്കെ ശശികുമാർ നിരവധി വിദ്യാർത്ഥികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും, 2019 ൽ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഈ പരാതി അധികൃതർ അവഗണിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ വരുമെന്ന് മലപ്പുറം പോലീസ് പറഞ്ഞു.
നിലവിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പരാതി കൂടാതെ ശശികുമാറിനെതിരെ വേറെയും പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പരാതികൾക്കാസ്പദമായ സംഭവം വർഷങ്ങൾക്ക് മുമ്പ് ആയതിനാൽ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച് ഈ പരാതികളിൽ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് .