കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സിപിഎം സമ്മേളനത്തിന്റെ ഭാഗമായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങ സ്ഥാപിക്കുന്നതിനെതിരെയാണ് കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പാതയോരങ്ങളിലും ഫുട്പാത്തുകളിലും അപകടകരമായ രീതിയിലാണ് കൊടികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഉത്തരവുകള്‍ നടപ്പാക്കാൻ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നു. പക്ഷെ പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും കോടതി ചോദിച്ചു.
കൊടിതോരണങ്ങൾ സ്ഥാപിക്കാൻ സിപിഎമ്മിന് അനുമതി നൽകിയിട്ടുണ്ടെന്ന് കൊച്ചി കോർപറേഷൻ വ്യക്തമാക്കി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കോർപറേഷൻ അറിയിച്ചു. തുടർന്ന് അനുമതി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇൻസ്റ്റലേഷനുകളും സ്ഥാപിക്കാൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തി കോടതി പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയല്ല രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സമ്മേളന ശേഷം കൊടിതോരണങ്ങൾ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു.