കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെണ്‍കൊടിക്ക് ഒടുവില്‍ കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്.അച്ഛന്‍ കാട്ടുവയല്‍ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് ഒരു കൈത്താങ്ങാവുമെന്ന് കരുതി കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം നടുറോഡില്‍ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി.
വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാനാവാതെ നിര്‍വികാരനായിനില്‍ക്കുന്ന കാട്ടുവയല്‍ മനോജിനെയും കുടുംബത്തേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാര്‍ക്കും മനസിലാകുന്നില്ല.
പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ കൃഷ്ണപ്രിയയെ ചേർത്ത് നിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാവരുടേയും സ്വപ്‌നങ്ങൾ ഒരുപകലിൽ ഇല്ലാതാവുകയായിരുന്നു.