വഹാബികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ.സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി. പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രുവാണെന്ന് റഹ്മത്തുള്ള ഖാസിമി പറയുന്നു. കേരളത്തിൽ എംഎം അക്ബറും, ഇന്ത്യയിൽ സാക്കിർ നായിക്കുമാണ് വർഗീയത വളർത്തിയത്. ഇവർ വഹാബികളാണെന്നും ഖാസിമി പറയുന്നു. ‘ഇസ്ലാമിന്റെ മുഖം ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികൾ. ലോകത്തുള്ള എല്ലാ തീവ്രവാദ സംഘടനകളും വഹാബികളുടേതാണ്. ഇന്ത്യയിൽ അൽ-ഖ്വയ്ദയും, ജെയ്ഷ്-ഇ-മുഹമ്മദും എല്ലാം സ്ഥാപിച്ചത് വഹാബികളാണ്. അവരാണ് 90കളിൽ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടു പോയത്. ജയ്ഷ് ഇ മുഹമ്മദാണ് വിമാനം റാഞ്ചിയത്. മസൂദ് അസ്ഹറാണ് അൽ ഖ്വയ്ദ സ്ഥാപിച്ചത് അയാളും വഹാബിയാണ്. കറാച്ചിയിലാണ് അയാൾ പഠിച്ചത്.
ഹർക്കത്തുൽ മുജാഹിദ്ദീൻ ഇന്ത്യയിലെ മറ്റൊരു തീവ്രവാദ സംഘടനയാണ്. അതിന്റെ കറാച്ചിയിലെ വഹാബി കോളേജിലാണ് പഠിച്ചത്. ഇവരെയൊക്കെ ഇസ്ലാം ചുമക്കണോ, ഇവരെയൊക്കെ തള്ളിക്കളഞ്ഞാലേ ഇസ്ലാമിന് നിലനിൽക്കാൻ കഴിയൂ. ഇവരുണ്ടാക്കിയ ദുരന്തം വളരെ വലുതാണ്. അതിനെ നിസാരവത്കരിക്കാനാകില്ല. വഹാബിസം ക്രൂരമാണ്. ഉസ്താദുമാർ ഇതൊന്നും പഠിപ്പിക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളൊക്കെ വഹാബികളാണ്. എവിടെ വഹാബിസമുണ്ടോ, അവിടെ ഭീകരവാദമുണ്ട്. രാമായണത്തെ ഒക്കെ ചിലർ വെല്ലുവിളിക്കുന്നു. അത് നമ്മുടെ രീതിയല്ല.
കേരളത്തിൽ വർഗീയത വളർത്തിയത് എംഎം അക്ബറാണ്. അന്യമതസ്ഥരുടെ വിശുദ്ധഗ്രന്ഥങ്ങളെ അവഹേളിക്കുക എന്നത് മുസ്ലീമിന് പാടുണ്ടോ? സാക്കിർ നായിക്കും ഇതേ കാര്യം ചെയ്യുന്നു. പതിനായിരക്കണക്കിന് ആൾക്കാരെ കൂട്ടി അന്യമതഗ്രന്ഥങ്ങളെ അപവാദം പറയും. ഇതോടെ അന്യസമുദായത്തിൽ ആ ഗ്രന്ഥത്തെ വിശ്വസിക്കുന്നവർ നമ്മളെ വെറുക്കും. ഇന്ത്യയിൽ സാക്കിർ നായിക്കിന്റേയും കേരളത്തിൽ എംഎം അക്ബറിന്റേയും പടയോട്ടമാണ് വർഗീയവാദം വളർത്തിയത്. അവർ ചെയ്യുന്നത് തെറ്റാണ്. കുളത്തിലെ തവളകളാകരുത്. വഹാബികൾ ആളുകളെ കൊന്നൊടുക്കിയതിന് കണക്കില്ല. വഹാബികൾ അക്രമികളാകരുത്. ആരും വഹാബികളാകരുതെന്നും ഖാസിമി പറയുന്നു.