രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. ഇന്ന് കൂടുതൽ പേരുടെ പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. തുടർന്ന് ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും വിദേശയാത്ര കഴിഞ്ഞെത്തിയവരിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ 27 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 17 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ജീനോം പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. മഹാരാഷ്‌ട്രയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇവരുമായി സമ്പർക്കത്തിൽ വന്ന ഹൈ റിസ്‌ക് പട്ടികയിൽ അഞ്ച് പേരെയും ലോ റിസ്‌ക് പട്ടികയിൽ 315 പേരേയും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ ആളുകൾ കൂടിനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തിര ഉന്നതതല യോഗം വിളിച്ചു. മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.