നിയന്ത്രണമില്ലാതെ കോഴിയിറച്ചി വില കുതിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം കച്ചവടം പതിയെ സാധാരണനിലയിലേക്ക് വരുമ്പോൾ ഇറച്ചി വിലയിലെ കുതിപ്പ് പ്രയാസമുണ്ടാക്കുകയാണ്. സംസ്ഥാനത്ത് ഇതരസംസ്ഥാന ലോബിയാണ് ചിക്കൻ വിപണി നിയന്ത്രിക്കുന്നത്. ഇവർക്ക് ലാഭക്കൊതിയാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുകയാണ്. സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും പാചകവാതകത്തിനും വില വർധിക്കുന്നത് ഹോട്ടൽ വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നു. തദ്ദേശ കോഴി ഫാമുകളിൽനിന്ന് ഇറച്ചി കൂടുതൽ വിപണിയിലെത്തിച്ച് വിലവർധന പിടിച്ചുനിർത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി ജയപാലും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.