സര്‍ക്കാര്‍ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല എന്നും വ്യക്തമാക്കി സംവിധായകന്‍ വിസി അഭിലാഷ് രംഗത്ത്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ലെന്നും വീണാ ജോര്‍ജിന്‍്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ലെന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് എക്സ്പീരിയന്‍സ് പ്രധാനമാണെന്നും ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ തന്നെ പകുതി പണി കുറയുമെന്നും രണ്ടാമത്തെ നിപ വരവിനെ കൈകാര്യം ചെയ്ത ശൈലജ ടീച്ചറുടെ എക്സ്പീരിയന്‍സാണ് നമുക്ക് വേണ്ടതെന്നും അഭിലാഷ് പറയുന്നു.
വി സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഈ സർക്കാർ ഉടൻ ചെയ്യേണ്ടത് എത്രയും വേഗം ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരിക എന്നതാണ്. ഇക്കാര്യത്തിൽ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ല. വീണാ ജോർജിൻ്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ല.
വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് ഇനിയുള്ള കാലത്ത് എക്സ്പീരിയൻസ് പ്രധാനമാണ്. ശൈലജ ടീച്ചർ 2016 മുതൽ നേടിയെടുത്ത അക്കാര്യത്തിലുള്ള അവബോധം പ്രധാനമാണ്. ആ അനുഭവ പരിചയം വീണാ ജോർജിനില്ല.
ശൈലജ ടീച്ചറും കഴിഞ്ഞ സർക്കാരും കെട്ടിപ്പടുത്ത സിസ്റ്റമാറ്റിക് മെഡിക്കൽ സംവിധാനം ഇപ്പോൾ തകർന്ന് പോയിരിക്കുന്നു. ഇത് നിലവിലുള്ള മന്ത്രിയുടേയോ ഒരു പരിധി വരെ ആരോഗ്യ പ്രവർത്തകരുടേയോ വീഴ്ച്ചയുമല്ല. എന്നാൽ സിസ്റ്റത്തിൻ്റെ ഘടനാപരമായ നിയന്ത്രണം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നതിന് അനുഭവപരിചയം നിശ്ചയമായും വേണം.
ലളിതമായൊരു ഉദാഹരണം വേണമെങ്കിൽ ദിശയിലേക്ക് വിളിച്ചാൽ മതി. സിസ്റ്റമാറ്റിക്കായ മറുപടിയല്ല അവിടെ നിന്ന് കിട്ടുന്നത്. ഒരാൾ പറയുന്നതല്ല മറ്റൊരാൾ പറയുന്നത്. അതുപോലെ വാർഡ് കൗൺസിലർ പറയുന്നതല്ല ആശാ വർക്കർ പറയുന്നത്. ആശാ വർക്കർ പറയുന്നതല്ല ആശുപത്രിക്കാർ പറയുന്നത്. ഇങ്ങനെയായിരുന്നില്ല ശൈലജ ടീച്ചറിൻ്റെ കാലത്ത്. മറുപടികൾ ഏകീകൃതമായിരുന്നു, സുതാര്യവുമായിരുന്നു.
എനിക്ക് പരിചയമുള്ള ഒരു രോഗി പന്ത്രണ്ട് ദിവസങ്ങളായി കർശന റൂം ക്വാറൻ്റീനിലാണ്. പോസിറ്റീവായി എന്ന് അറിഞ്ഞതുമുതലുള്ള പതിനേഴാം ദിവസം പുറത്തിറങ്ങാം എന്നാണ് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശം. ഇതിനിടെ വാർഡ് കൗൺസിലർ വന്ന് പറഞ്ഞിട്ട് പോയത്, ”പതിനേഴാം ദിവസം കഴിഞ്ഞാലും ടെസ്റ്റ് ചെയ്താൽ വൈറസ് ശരീരത്തിലുണ്ടാവും. മൂന്ന് മാസം വരെ അതങ്ങനെ തന്നെ തുടരും. അതു കൊണ്ട് ടെസ്റ്റ് ചെയ്യണ്ട.” എന്നാണ്.
ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്?
സിസ്റ്റം ആക്ടീവാക്കുക എന്നതാണ് ഒരേയൊരു പോംവഴി. അനുഭവസമ്പത്ത് അതിന് പ്രധാനമാണ്. ശൈലജ ടീച്ചർ മടങ്ങി വന്നാൽ തന്നെ പകുതി പണി കുറയും. രണ്ടാമത്തെ നിപ വരവിനെ അവർ ഹാൻഡിൽ ചെയ്ത രീതി ഓർക്കുക. ആ എക്സ്പീരിയൻസാണ് നമുക്ക് വേണ്ടത്. എന്നും ശൈലജ ടീച്ചർ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി; ‘ഊർദ്ധശ്വാസം വലിയ്ക്കുമ്പോളല്ലല്ലൊ ഓക്സിജൻ സിലിണ്ടർ തേടിപ്പോവേണ്ടത്’ എന്നാണ്.
അനുബന്ധം: ഇതൊരു സർക്കാർ വിരുദ്ധ പോസ്റ്റല്ല. നിക്ഷ്പക്ഷമായി ചിന്തിക്കുമ്പോൾ പിടികിട്ടുന്ന കാര്യങ്ങളാണ്.
-വി.സി.അഭിലാഷ്.