ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നൂറിലേറെ പാട്ടുകളാണ് കല്ല്യാണി പാടിയിട്ടുളളത്.

എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്ക് ചുവടുവെയ്ക്കുന്നത്.എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ അഞ്ചാം വയസില്‍ പാടി തുടങ്ങിയ കല്ല്യാണി ഇതുവരെ ഗാന രംഗത്ത് സജീവമായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ് കല്യാണി മേനോന്‍. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96ലെ കാതലേ.. കാതലെ എന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്.

1973 ല്‍ തോപ്പില്‍ ഭാസിയുടെ ‘അബല’യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്. 1979 ല്‍ ശിവാജി ഗണേശന്റെ ‘നല്ലതൊരു കുടുംബ’മെന്ന സിനിമയിലൂടെയാണ് തമിഴിലേക്കുളള ചുവടു വെയ്പ്പ്. അലൈപായുതേ,മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി .സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍ കല്ല്യാണിയുടെ മകനാണ്.

Back To Top
error: Content is protected !!