അമേരിക്കന്‍ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഫ്ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. 1960കളിലെ സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ രൂപകല്‍പന.
എക്കോ, സിറ്റി, സ്പീഡ് എന്നീ മൂന്ന് ഡ്രൈവിങ് മോഡില്‍ വാഹനം ഓടിക്കാം. സ്മാര്‍ട്ട് കീ, ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റ് സീറ്റ്, ഓഫ് റോഡ് ടയര്‍, നേര്‍ത്ത വീല്‍ബേസ്, സിംഗില്‍ ഹെഡ്ലൈറ്റ് എന്നിവയാണ് നല്‍കിയിരിക്കുന്നത്. രൂപത്തില്‍ സ്മാര്‍ട്ട് സെഡേര്‍ട്ട് ആള് തനി പഴഞ്ചനാണ്.
രണ്ട് വ്യത്യസ്ത റേഞ്ചിലുള്ളതാണ് ഈ ലിഥിയം ബാറ്ററി. റിമൂവബിള്‍ ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണം. 80 കിലോമീറ്റര്‍ ദൂരം പിന്നിടാവുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. രണ്ടാമത്തെ ബാറ്ററി 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്നതാണ്, മണിക്കൂറില്‍ പരമാവധി വേഗത 80 കിലോമീറ്ററും.