മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവിന്റെ ലഹരിയിലെന്ന് റിപ്പോർട്ടുകൾ. യുവാവ് നടത്തിയ ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ അരോഗ്യനിലയില്‍ നേരിയ ആശ്വാസം. ആലുവ രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമാക്കിയ 33 കാരനായ അജീഷിനെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഇപ്പോള്‍ ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുകയാണ്.
ജൂൺ 1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂര്‍ സി ഐ ജി എസ് രതീഷാണ് സുലൈമാനെ ആദ്യം കാണുന്നത്.ഈ സമയം ഇയാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സി ഐ വാഹനത്തിലിരുന്നുകൊണ്ട് ഇത് ചോദ്യം ചെയ്തു.ഈ സമയം സുലൈമാന്‍ സി ഐ യെ അസഭ്യം പറഞ്ഞു. ഇതോടെ സി ഐ വാഹനത്തില്‍ നിന്നും ഇറങ്ങി ഇയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു. സുലൈമാന്‍ കയ്യില്‍കിട്ടിയ കല്ലെടുത്ത് സി ഐയ്ക്കുനേരെ ഏറിഞ്ഞു. ഏറ് തലയില്‍ കൊണ്ടു. ഇതിനിടെ വാഹനത്തിലിറങ്ങി സുലൈമാന്റെ നേരെ അജീഷ് പാഞ്ഞടുത്തു. തൊട്ടടുത്തെത്തിയപ്പോള്‍ കയ്യിലിരുന്ന കോണ്‍ക്രീറ്റ് കഷണം കൊണ്ട് സുലൈമാന്‍ അജീഷിന്റെ തലയില്‍ ആഞ്ഞിടിക്കുകയായിരുന്നു. ഇടിയേറ്റയുടന്‍ അജീഷ് ബോധരഹിതനായി നിലം പതിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സുലൈമാനെ കീഴടക്ക് കസ്റ്റഡിയില്‍ എടുത്തു. അജീഷീനെയും സി ഐ രതീഷിനെയും കൊണ്ട് ഉടന്‍ പൊലീസ് സംഘം ആലുവ രാജഗിരി ആശുപത്രിക്ക് തിരിക്കുകയായിരുന്നു.
തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളില്‍ ക്ഷതമേറ്റിരുന്നു. ഈ ഭാഗത്ത് ഓപ്പറേഷന്‍ നടത്തി. കുറച്ചുഭാഗം വയറുകീറി ഉള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കു ശേഷമാവും ഇത് ഓപ്പറേഷന്‍ നടത്തി പുനഃസ്ഥാപിക്കുക. തലയ്ക്കുള്ളില്‍ ക്ഷതമേറ്റിട്ടുള്ളതിനാല്‍ ഓര്‍മ്മ ശക്തിക്കോ കാഴ്ചയ്ക്കോ തകരാറുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന.സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോവില്‍ക്കാവ് സ്വദേശി സുലൈമാന്റെ പേരില്‍ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ റിമാന്റിലാണ്. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.