മാവൂര്‍ | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോവി നെറ്റ് എന്ന പേരിൽ വെബ്സൈറ്റുമായി മാവൂർ ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വെബ്സൈറ്റ് ഒരുക്കുന്നത്. വെബ്സൈറ്റ് ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. മറ്റുള്ള പഞ്ചായത്തുകൾക്ക് ഇത് മാതൃകയാവുന്ന രീതിയിൽ മികച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തും സര്‍ക്കാറുകളും നല്‍കുന്ന വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുക, കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, എന്നിവയാണ് വെബ്സൈറ്റ് കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ആധികാരികമായ വാര്‍ത്തകള്‍ യഥാസമയം പൊതു സമൂഹത്തിലേക്ക് എത്തിക്കാന്‍ വെബ്സൈറ്റ് കൊണ്ടും സാധിക്കും. മാത്രമല്ല പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങളെ പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും.
കോവിഡുമായി ബന്ധപ്പെട്ട അറീയിപ്പുകള്‍, യഥാസമയം ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും, ആര്‍.ആര്‍.ടി മെമ്പര്‍മാരുടെ വിവരങ്ങള്‍, ഡോക്ടര്‍മാരുടെ സേവനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, വാഹനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ സേവനങ്ങളും വെബ്സൈറ്റ് മുഖേനെ ലഭ്യമാകും. www.mavoorpanchayath.com എന്ന ലിങ്ക് മുഖേനെ വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നത്. ചടങ്ങില്‍ പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്റർ,സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ എം അപ്പുകുഞാൻ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ടി രജ്ഞിത്ത്, ടെക്‌നിക്കൽ അസിസ്റ്റന്റ് റാഷിദ്, കോ-ഓർഡിനേറ്റര്‍ ഒ എം നൗഷാദ്, കോഡ്സാപ്പ് സി.ഇ.ഒ റാഷിദ് ടി എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡ്സാപ്പ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വെബ്സൈറ്റ് വികസപ്പിച്ചെടുത്തത്.