കൊച്ചി: കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനു പഴയ വീര്യമില്ലെന്നു ആക്ഷേപം ഉയരുബോൾ തന്നെ നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും സംഘവും കടത്തിക്കൊണ്ടു വന്ന 137 കിലോ സ്വര്‍ണം ഇതുവരെ കണ്ടെത്താനാകാതെ കേന്ദ്ര ഏജന്‍സികള്‍.
ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല.
2019 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെ ശിവശങ്കറും സ്വപ്നയും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ 21 തവണ സ്വര്‍ണം കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ്, എന്‍ഐഎ, ഐബി തുടങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തമ്പടിച്ച അന്വേഷിക്കുന്ന കേസിലാണ് ഇതുവരെ സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്തത്.
ദുബായിയില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 18.3 കിലോ, മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത് 47 കിലോ സ്വര്‍ണത്തിന്. അബ്ദുവും സംഘവും പണം നല്‍കിയത് 38.5 കിലോഗ്രാമിന്. പിന്നെയും സ്വര്‍ണം വന്നു നിരവധി വട്ടം.ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ കെ.ടി. റമീസും സരിത്തും സ്വപ്നയും ചേര്‍ന്ന് എത്തിച്ചത് 30.24 കിലോ. ആകെ 167 കിലോ സ്വര്‍ണം. പക്ഷേ ആദ്യം പിടികൂടിയ സ്വര്‍ണമല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല.
എന്‍ഐഎ മാത്രം 30 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഇടത്തട്ടുകാരും കള്ളക്കടത്തിന് നേതൃത്വം കൊടുത്തവരും. ടാന്‍സാനിയയും സൗദിയും യുഎഇയുമടക്കം സ്വര്‍ണം വന്ന വഴികളും സ്വര്‍ണം അയക്കാന്‍ വ്യാജ രേഖയടക്കമുണ്ടാക്കിയ ആളുകളെ വരെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കേരളത്തിലെത്തിയ സ്വര്‍ണം എവിടേക്ക് പോയി എന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തില്‍ മൗനമാണ്. കള്ളപ്പണം കൊണ്ടുവന്നവര്‍ക്ക് പോലും ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി അറിയില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്നത്.