കൊച്ചി: ഓണ്‍ലൈന്‍ പഠനം 78 ശതമാനം വിദ്യാര്‍ത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്പെയ്സസ് എന്ന പഠനത്തിന്റെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവര്‍ സന്തോഷവാന്‍മാരാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്ങള്‍ക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്.
ഓണ്‍ലൈനിലൂടെയുള്ള പഠന ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാര്‍ത്ഥികളുടെ അനുഭവം. വീടുകളില്‍ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50 ശതമാനം മാതാപിതാക്കളും ചൂണ്ടിക്കാട്ടിയത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ തടസമുണ്ടാക്കുന്നതായാണ് 62 ശതമാനം പേരുടെ അനുഭവം. 22 ശതമാനം കുട്ടികള്‍ കിടന്നു കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ 14 ശതമാനം പേര്‍ നിലത്തിരുന്നാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. കോവിഡ് 19 ഈ വര്‍ഷത്തെ ക്ലാസുകളേയും പരീക്ഷകളേയും ബാധിച്ച പശ്ചാത്തലത്തിലായിരുന്നു ഗോദ്റെജ് ഇന്റീരിയോയുടെ പഠനം. മൂന്നിനും 15-നും മധ്യേ പ്രായമുള്ള രാജ്യവ്യാപകമായ 350 സ്‌ക്കൂള്‍ കുട്ടികളുടെ മാതാപിതാക്കളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു പുറമെ അധ്യാപകരില്‍ നിന്നും പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും പ്രതികരണങ്ങള്‍ തേടി.
വിദ്യാഭ്യാസ സംവിധാനം അതിരുകള്‍ കടന്നു വികസിക്കുമ്പോള്‍ അധ്യാപകരുടേയും മാതാപിതാക്കളുടേയും ഉത്തരവാദിത്തങ്ങള്‍ കൂടിയാണു വര്‍ധിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അനില്‍ മാത്തൂര്‍ ചൂണ്ടിക്കാട്ടി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠന മേഖലകള്‍ പുനര്‍രൂപകല്‍പന ചെയ്യുന്നതിനുളള മാര്‍ഗരേഖ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.