കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്.
എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.