പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ മൂന്ന് കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ നിലവില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ കേസെടുത്തതില്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പോലീസിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭരണഘടനാപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കെതിരേ കേസെടുത്തത് മനസിരുത്തി തന്നെയാണോയെന്ന് കോടതി ചോദിച്ചു. കേസെടുക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിരുന്നുവോ എന്നും കോടതി ചോദിച്ചു. ഒരു വ്യക്തിയുടേതല്ല മറിച്ച് നിയമസംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.

കെ.എന്‍. ആനന്ദകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണന്‍ രണ്ടാം പ്രതിയും തട്ടിപ്പിനു മുഖ്യപങ്കു വഹിച്ച നാഷനല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയുമാക്കിയാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് നേരത്തെ അഭിഭാഷകര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. അതേസമയം തട്ടിപ്പില്‍ റിട്ട.ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരെ പ്രതിയാക്കിയതില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയോ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന പോലീസ് ആസ്ഥാനം റിപ്പോര്‍ട്ട് തേടിയിരുന്നു.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കുകയും പരിശോധിക്കുകയും ചെയ്യണം. സിറ്റിംഗ് ജഡ്ജിമാരെ പോലെ റിട്ടയേഡ് ജഡ്ജിമാര്‍ക്കും ഇത്തരം പരിഗണന ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ പാതിവില തട്ടിപ്പ് കേസില്‍ സി.എന്‍.രാമചന്ദ്രന്‍ നായര്‍ക്കെതിരേ പ്രാഥമിക അന്വേഷണമോ പരിശോധനകളോ നടത്താതെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply..

Back To Top
error: Content is protected !!