മസ്തകത്തില്‍ മുറിവേറ്റത് ആനയുമായുള്ള ഏറ്റുമുട്ടലില്‍, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മസ്തകത്തില്‍ മുറിവേറ്റത് ആനയുമായുള്ള ഏറ്റുമുട്ടലില്‍, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്റെ മരണത്തില്‍ ആനയുടെ തലച്ചോറിനും അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.

ഇന്നലെ പകല്‍ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ കൊമ്പന്‍ ചരിഞ്ഞത്. തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി പത്തുമണി വരെ നീണ്ടു. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്.

നേരത്തെ ആനയുടെ തലച്ചോറിന് അണുബാധ ഏറ്റിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന് പുറമേ മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. മസ്തകത്തിലെ മുറിവില്‍ നിന്നുള്ള അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മസ്തകത്തിലെ മുറിവ് കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ശ്വാസത്തിന്റെ ഒരു ഭാഗം മുറിവിലൂടെ പുറത്തുപോകുന്ന സ്ഥിതി ഉണ്ടായിരുന്നു. എങ്കിലും ചികിത്സയിലൂടെ ആരോഗ്യനില തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നലെ ഉച്ചയോടെ ആന കൂട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീഴുന്നതിന് മുന്‍പ് വരെ ആന തീറ്റയെടുത്തിരുന്നു. പഴങ്ങളും പുല്ലും കഴിച്ചിരുന്നു. ഇത് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി ഇന്നലെ ഉച്ചയോടെ ആന ചരിയുകയായിരുന്നു.

മറ്റൊരു ആനയുമായി ഏറ്റുമുട്ടിയപ്പോള്‍ മസ്തകത്തില്‍ മുറിവ് ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. മസ്തകത്തിലെ മുറിവ് തന്നെയാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply..

Back To Top
error: Content is protected !!