കണ്ണൂർ: കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് 5 പേർക്ക് പരിക്കേറ്റിരുന്നു.
നീർക്കടവിലെ മുച്ചിരിയൻ കാവിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തെങ്ങിൽ കയറുന്ന ബെപ്പിരിയൻ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയൻ വയനാട്ടുകുലവൻ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിന് സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച് ആൾക്കൂട്ടത്തിനിടയിൽ വീഴുകയായിരുന്നു. പന്ത്രണ്ടുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രാചാരത്തിന്‍റെ ഭാഗമായല്ല വെടിക്കെട്ട് നടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചൈനീസ് പടക്കങ്ങൾക്കൊപ്പം നാടൻ അമിട്ട് ഉൾപ്പെടെ പൊട്ടിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകടത്തെ തുടർന്ന് കാവിലെ തെയ്യം ചടങ്ങുകൾ നിർത്തിവച്ചു.