കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

വടകര: വാഹനമിടിച്ച് 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജിൽ പിടിയിൽ‌. കാറുടമയായ പ്രതിയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. വടകരയിൽനിന്നുള്ള പൊലീസ് സംഘത്തിനു പ്രതിയെ കൈമാറും. അപകടത്തിൽ പരുക്കേറ്റു കോമയിലായ ദൃഷാന ചികിത്സയിലാണ്.

ഇടിച്ചിട്ട വാഹനം 10 മാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണു കണ്ടെത്തിയത്. കെഎൽ 18 ആർ 1846 എന്ന കാറാണു കുട്ടിയെ ഇടിച്ചിട്ടു നിർത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. പുറമേരി സ്വദേശിയാണു ഷെജിൽ. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയാണു ചുമത്തിയത്.

അപകടത്തിനുശേഷം ഷെജിൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണു കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്. 2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.

Leave a Reply..

Back To Top
error: Content is protected !!