“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും”   സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും” സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകന്‍ പ്രജിനെ ഭയന്നാണ് താനും ഭര്‍ത്താവ് ജോസും ജീവിച്ചിരുന്നതെന്ന് സുഷമ പറയുന്നു. കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി വന്നശേഷമാണ് പ്രജിന് മാറ്റങ്ങള്‍ വന്നതെന്നും സുഷമാകുമാരി വ്യക്തമാക്കുന്നു.

‘അധിക സമയവും അവന്‍ മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളു. അവന്റെ മുറിയിലേക്ക് കയറാന്‍ ഞങ്ങളെ സമ്മതിക്കില്ല. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ബ്ലാക്ക് മാജിക്ക് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്നേയും മകളേയും കൊല്ലും. എനിക്ക് പേടിയാണ്.’-സുഷമ പറയുന്നു.

ആദ്യമകന്റെ മരണത്തിനു ശേഷം പിറന്ന കുട്ടിയായതിനാല്‍ പ്രജിനെ ഏറെ ലാളിച്ചാണ് വളര്‍ത്തിയത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതില്‍ പ്രജിന്‍ ഏറെ അസ്വസ്ഥനായിരുന്നു. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും പെട്ടെന്നു ക്ഷുഭിതനാകുമായിരുന്നു. എന്നാല്‍, പെട്ടെന്നുതന്നെ ശാന്തനാവുകയും ചെയ്യും. ഇടയ്‌ക്കൊരിക്കല്‍ മനോരോഗചികിത്സ തേടിയിരുന്നു. വീടിനകത്തും പുറത്തും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് പ്രജിന്റേതെന്നും സുഷമാകുമാരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രജിന്‍ അച്ഛന്‍ ജോസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം പ്രജിന്‍ വെള്ളറട പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കുഞ്ഞുനാള്‍ മുതല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന അച്ഛന്‍, തന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനു മൊഴിനല്‍കിയത്.

ബുധനാഴ്ച രാത്രി ജോസ് അത്താഴം കഴിച്ച് ഹാളിലെ സോഫസെറ്റിയില്‍ കിടക്കുമ്പോള്‍ പ്രജിന്‍ വെട്ടുകത്തിയുപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. അടുക്കള വഴി പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിന്റെ നെഞ്ചിലും തലയിലും വെട്ടി.തുടർന്നു മരണം ഉറപ്പിക്കാൻ പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുഷമാകുമാരിയെ തള്ളിമാറ്റിയ ശേഷം പ്രജിന്‍ വെള്ളറട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും പ്രജിന്റെ അടുത്ത ഇരകളെന്നും മകന് ബ്ലാക്ക് മാജിക്കിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ജോസിന്റെ കൊലപാതകത്തിനു പിന്നാലെ സുഷമ വെളിപ്പെടുത്തിയിരുന്നു.

Leave a Reply..

Back To Top
error: Content is protected !!