നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നതത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.

ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതി കൃത്യം ചെയ്തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുക. ഇതെല്ലാം അന്വേഷണസംഘം വീഡിയോ ആയി റെക്കോർഡ് ചെയ്യും.

ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുക. 200ലധികം പൊലീസ് ഉദ്യോഗസ്ഥരെ ബോയന്‍ നഗര്‍ മേഖലയില്‍ വിന്യസിക്കും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്.

സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു.

Leave a Reply..

Back To Top
error: Content is protected !!