മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും തിരികെ അയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം | Kerala man dies

മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും തിരികെ അയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം  ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്.

ബിനിലിന്റെ മരണത്തിൽ  ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തിൽ നീക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

റഷ്യൻ ആർമിയിൽ റിക്രൂട്ട് ചെയ്തിരുന്ന ഇന്ത്യൻ പൗരന്റെ നിർഭാഗ്യകരമായ മരണത്തെക്കുറിച്ച് വിവരം ലഭിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മോസ്കോയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

മോസ്‌കോയിലെ എംബസി കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ റഷ്യൻ അധികാരികളുമായി ചേർന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.  മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്‍റെ മരണം.

അതേസമയം, ബിനിൽ ബാബുവിന്‍റെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.

കുടുംബസുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിന്‍റെയും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.

 

Back To Top
error: Content is protected !!