കോയമ്പത്തൂർ: വാൽപ്പാറ എസ്റ്റേറ്റുകളിൽ ആനകളുടെ എണ്ണം പെരുകി. ഇവിടെതന്നെ കഴിയുന്നതിനാൽ റോഡിൽ ആനകളെത്തുന്നത് പതിവായി. മലയോരത്ത് റോഡുകളിൽ രാത്രിയിലും ഇവയെത്തുന്നതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
കാലവർഷത്തിനുശേഷം വാൽപ്പാറയിൽ ശല്യം രൂക്ഷമാണ്. നൂറിലധികം ആനകളാണ് എസ്റ്റേറ്റിൽ കൂട്ടമായി ക്യാമ്പ് ചെയ്യുന്നത്. വാൽപ്പാറ-പൊള്ളാച്ചി റോഡിൽ ഹെയർപിൻ വളവുകൾക്കിടയിലാണ് രാത്രി ഇവ റോഡ് മുറിച്ചുകടക്കുന്നത്.
അഴിയാർ കവിയരുവിയിലേക്കുള്ള വഴിയിലൂടെയും നടക്കുന്നുണ്ട്. വാൽപ്പാറ ഭാഗത്തേക്കു വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഭാരവാഹനങ്ങളും മലയോരപാതയിലൂടെ സാവധാനം ഓടിക്കണമെന്നും ആനകളെ റോഡിൽ കണ്ടാൽ ഉടൻ പിറകോട്ടു നീങ്ങണമെന്നും വനംവകുപ്പ് അറിയിച്ചു.
ആനകൾ കാടുകയറിയശേഷമേ വീണ്ടും ഓടിക്കാവൂ. അടുത്തു പോകുകയോ സെൽഫി എടുക്കുകയോ ചെയ്യരുതെന്നും നിയമം ലംഘിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.