ആലപ്പുഴ: വള്ളികുന്നത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെയാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പച്ചത്. ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ യുവതിയെ പതിനാറുകാരന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടു പോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി ഇവർ മൊഴി നൽകിയെന്ന് വള്ളികുന്നം പോലീസ് ഇൻസ്‌പെക്ടർ ടി. ബിനുകുമാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാൻഡു ചെയ്തു.
അതേസമയം മുംബൈയിൽ വീടിനു മുന്നിൽ കളിക്കുകയായിരുന്ന 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ.വിശാൽ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കു കല്യണിലെ കോൽസേവാഡിയിൽനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ചും പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.