ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു; ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ്

ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു; ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറയാൻ കാരണം. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.

തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയർന്നിട്ടുണ്ട്. 257 പോയിന്‍റാണ് ഇന്ന് രാവിലെ വായുമലിനീകരണ സൂചികയിൽ രേഖപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ മഴ മാറി തുടങ്ങിയതോടെ തണുപ്പ് ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്.

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. പതിനെട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 19 ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അറബികടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ അടുത്ത് മൂന്ന് ദിവസം മഴ ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. പകൽ താപനില കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ഉയരാൻ സാധ്യതയുണ്ട്.

Back To Top
error: Content is protected !!