തൃശൂർ: ദുരിത രക്ഷാപ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രസർക്കാരിന്റെ നടപടി നീതീകരിക്കാൻ ആകാത്തതെന്നും കെ.രാജൻ വിമർശിച്ചു. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് തീരുമാനം.
വകുപ്പുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇപ്പോഴത്തെ നടപടി എന്നതാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണെങ്കിൽ അത് നടത്താൻ പറ്റിയിടണം ഡൽഹിയാണെന്ന് കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുത്. ജനാധിപത്യ വിരുദ്ധ നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൽ 3 വിഭാഗത്തിൽ ചൂരൽമല ദുരന്തത്തെ പെടുത്തണം എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു ചെയ്യാത്തതിനാൽ കേരളത്തിന് പല കോണുകളിൽ നിന്ന് ലഭിക്കേണ്ട സഹായം പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വയനാട് വീട് നിർമിച്ചു നൽകാം എന്ന് അറിയിച്ചവരുടെ യോഗം ഈ മാസം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് വീട് നിർമ്മാണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാൻ വൈകിയതാണ് വീട് നിർമിക്കുന്നതിൽ തീരുമാനം വൈകാൻ ഇടയാക്കിയതെന്ന് മന്ത്രി പറഞ്ഞു.