പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും.
പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. ‘പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കും. അതിൽ നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.