Kerala News Live Updates: പാനൂർ കണ്ടോത്തുംചാലിൽ നടു റോഡിൽ അർധ രാത്രിയിൽ ഇരട്ട സ്ഫോടനം. കഴിഞ്ഞ ദിവസമാണ് സംഭവം. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. പൊട്ടിത്തെറിയെ തുടർന്നു റോഡിൽ കുഴി രൂപപ്പെട്ടു. പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും ബോംബിന്റേതെന്നു സംശയിക്കുന്ന പ്ലാസ്റ്റിക്ക് ആവരണങ്ങളും കണ്ടെടുത്തു.
അതിനിടെ രണ്ട് ദിവസം മുൻപ് സമീപത്തെ കുന്നുമ്മൽ പ്രദേശത്തു നിന്നു സ്ഫോടന ശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ജൂണിലും ഇതേ റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ അന്നത്തെ പരിശോധനയിൽ പടക്കമാണെന്നു കണ്ടെത്തി.കണ്ടോത്തുംചാലിൽ ഒരു വീടിനു നേരെ സ്റ്റീൽ ബോംബ് ആക്രമണവുമുണ്ടായിരുന്നു. ഇതിനു പിന്നിലാരെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. പാനൂർ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടക വസ്തു നിർമാണം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.