ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 15.20 ലക്ഷം രൂപയാണ് പുതിയ പാനിഗാലെ കോര്‍സയുടെ വില. കോര്‍സ മോട്ടോജിപി മോഡലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള പരിമിതകാല പതിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എഞ്ചിന്‍ മുഖത്ത് പരിഷ്‌കാരങ്ങളൊന്നും ഇല്ല.
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്.
മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍. റേസ്, സ്പോര്‍ട്, വെറ്റ് എന്നീ മോഡുകള്‍ സന്ദര്‍ഭോചിതമായ കരുത്തും നിയന്ത്രണവും മോഡലിന് സമര്‍പ്പിക്കും. അതേസമയം ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.