കോഴഞ്ചേരി: മരിച്ച ഗർഭസ്ഥ ശിശുവിനെ വയറ്റിൽ നിന്നും നീക്കം ചെയ്യാതെ ഭാര്യ മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിലാണ് ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷ് (31) ഇന്നലെ അറസ്റ്റിലായത്. ഗർഭിണിയായ യുവതിയും ഗർഭസ്ഥശിശുവും മരിക്കാനിടയാക്കിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവതിയെ സ്നേഹിച്ച് 3 വർഷം മുൻപ് വിവാഹം കഴിച്ച ഇയാൾ പെൺകുട്ടിക്ക് നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റ് പണം ചെലവാക്കി. ഭാര്യാ വീട്ടിൽ താമസമാക്കിയ ഇയാൾ ജോലിക്ക് പോകാത്തതിനാൽ ഭാര്യയ്ക്കും കുട്ടിക്കും ജീവിതച്ചെലവിനു പോലും ഒന്നും നൽകാത്ത അവസ്ഥയായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നു തന്നെ രണ്ടാമതും ഭാര്യ ഗർഭിണി ആയതോടെ ആ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചു വയ്ക്കുകയും ഗർഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുമാണ് ജ്യോതിഷ് ശ്രമിച്ചത്.
ഭാര്യയ്ക്ക് വേണ്ട ചികിത്സയോ പരിചരണമോ നൽകാതായതോടെ കുഞ്ഞ് മരിച്ചു. അസ്വസ്ഥതകൾ ഉണ്ടായ ഭാര്യയെ ഇയാൾ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇതു നീക്കം ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. പക്ഷേ ഇയാൾ അതിനു തയാറായില്ല. രണ്ട് മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതുമൂലം യുവതിക്ക് ശരീരമാസകലം അണുബാധ ഉണ്ടായി. കഴിഞ്ഞ മേയ് 19ന് യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 28ന് മരിച്ചു.
ഭാര്യയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്നു മുങ്ങിയ പ്രതി ചികിത്സയ്ക്കായി പലരുടെ അടുക്കൽ നിന്നും പണം വാങ്ങിയെങ്കിലും ആ പണം സ്വന്തം കാര്യങ്ങൾക്കു ഉപയോഗിക്കുകയായിരുന്നു. സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്ഐമാരായ അനിരുദ്ധൻ, ഹരീന്ദ്രൻ, എഎസ്.സനിൽ, എസ്‌സിപിഒ സുജ അൽഫോൺസ്, സിപിഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.