കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ഡിവിആർ കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബർ വിദഗ്ധരും പറയുന്നു. കായലിൽ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കിൽ ഹർഡ് ഡിസ്ക് കണ്ടെത്തൽ ഏറെ ദുഷ്കരമാകുമെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. അപകടത്തിൽ പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ നടത്തിയ തെരച്ചിൽ ഇന്നലെ അവസാനിപ്പിചിരുന്നു. ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്രൊഫഷണൽ സ്കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലിൽ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്കൂബ ഡൈവിംഗ് സംഘം അറിയിച്ചു. ഹോട്ടലുടമ റോയി വയലാട്ടിൻ്റെ നിർദേശപ്രകാരം ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമായിരുന്നു തെരച്ചിൽ.